വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി തീരാന്‍ 48 മണിക്കൂര്‍; സമരം ചെയ്ത മൂന്നുപേര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ

വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത മൂന്നുപേര്‍ ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും അഡൈ്വസ് മെമോ ലഭിക്കാത്തതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ മൂന്ന് പേര്‍ക്ക് കൂടി അഡൈ്വസ് മെമ്മോ ലഭിച്ചിട്ടുണ്ട്.

സമരത്തില്‍ പങ്കെടുത്ത പ്രിയ, അരുണ, അഞ്ജലി എന്നിവര്‍ക്കാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്. വിവിധ വിഭാഗങ്ങളില്‍ 45 ഒഴിവുകള്‍ വന്നതോടെയാണ് നിയമനം നടത്താന്‍ തീരുമാനിച്ചത്. പോക്‌സോ വിഭാഗത്തില്‍ വന്ന 28, പൊലീസ് അക്കാഡമിയില്‍ നിന്നും വിവിധ സമയങ്ങളില്‍ പോയ 13, ജോലിയില്‍ പ്രവേശിക്കാത്ത നാലുപേര്‍ എന്നിങ്ങനെ വന്ന ഒഴിവുകളിലാണ് നിയമനം.

Read more

അതേസമയം, അഡൈ്വസ് മെമ്മോ ലഭിക്കാത്തവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധിക്കുകയാണ് ഇവര്‍.