മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു, മരണകാരണം തലച്ചോറിനേറ്റ അണുബാധ; കൊമ്പന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റു ആന്തരികാവയങ്ങൾക്ക് അണുബാധയില്ല. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്.

ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോഗ്യാവസ്ഥ. കഴിഞ്ഞ ദിവസം രാവിലെ വരെ ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നു. പക്ഷേ, ചികിത്സക്കിടെ കുഴഞ്ഞുവീണു. ആനയെ മയക്കുവെടിവെച്ച ശേഷം സാധ്യമായ വിദഗ്ധചികിത്സ നൽകിയിരുന്നു. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞിരുന്നു.

മയക്കുവെടിയേറ്റതിന്റെ മയക്കം വിട്ടതിന് ശേഷം തീറ്റയെടുക്കുകയും കുളിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. തുടർന്ന് ഗ്ലൂക്കോസും മറ്റും നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. തുമ്പിക്കൈയിലെ അണുബാധ കാരണം തുമ്പിക്കൈയിൽ വെള്ളം കോരി കുടിക്കുന്നതിനടക്കം ആനയ്ക്ക് പ്രയാസമുണ്ടായിരുന്നു. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം നിരന്തരം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്.

ജനുവരി 15നാണ് മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കൊമ്പനെ പ്ലാന്റേഷൻ തോട്ടത്തിൽ കണ്ടെത്തുന്നത്‌. പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നൽകി വിട്ടിരുന്നു. എന്നാൽ, മുറിവിൽ പുഴുവരിച്ചതോടെ ആനയുടെ ജീവനിൽ ആശങ്കയായി. തുടർന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടിൽ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.