കാസർഗോഡ് കാണാതായ പതിനഞ്ചുകാരിയെ 26 ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. നിയമത്തിനു മുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു.
അതേസമയം 15കാരിയുടെയും അയൽവാസിയായ പ്രദീപിന്റെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൃതദേഹങ്ങൾക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കഉണങ്ങിയ നിലയിൽ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഇന്നലെയാണ് 15വയസുകാരിയെയും കുടുംബ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ പ്രദീപിനേയും (42) അക്വേഷ്യ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 12ന് കാണാതായ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ വ്യാപക തെരച്ചിന് ഒടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതര അലംഭാവം കാണിച്ചുവെന്ന് പരാതി ഉയർന്നിട്ടുണ്ട്.