ചാനല്‍ പരിപാടിയ്ക്കിടെ ഗാർഹിക പീഡനം നേരിടുന്നതായി പരാതി പറഞ്ഞ സ്ത്രീയാട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ ധാർഷ്ട്യത്തോടെ ഉള്ള പെരുമാറ്റത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി.
ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം എന്നായിരുന്നു എം.സി. ജോസഫൈന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് ശാരദക്കുട്ടി ഫെയ്സ്ബുക്കിലെഴുതിയത്. ‘ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സര്‍ക്കാരിനോട് ഒരഭ്യര്‍ത്ഥന, പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്,’ ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി മനോരമ ചാനലാണ് ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി പരിപാടി നടത്തിയിരുന്നത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറിയതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചു കിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.