സംസ്ഥാനത്ത് ഇനി ഒന്നാം തീയതിയും മദ്യം ലഭിക്കുമോ? ഡ്രൈ ഡേയിലും മദ്യ വിതരണത്തിന് സര്‍ക്കാര്‍ തീരുമാനം; ഇളവ് ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക്

സംസ്ഥാനത്ത് നിലവിലുള്ള ഡ്രൈ ഡേ കോടികളുടെ നഷ്ടം വരുത്തുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഡ്രൈ ഡേയിലെ മദ്യ വിതരണം സംബന്ധിച്ചാണ് നടപടി. സംസ്ഥാനത്ത് ഇനി മുതല്‍ ഡ്രൈ ഡേയിലും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒന്നാം തീയതി മദ്യഷോപ്പുകള്‍ പൂര്‍ണമായും തുറക്കുന്നതിന് പകരം മൈസ് ടൂറിസം ഡെസ്റ്റിനേഷനുകള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേകം ഇളവ് അനുവദിക്കാനാണ് പദ്ധതി. ഇതോടെ ഒന്നാം തീയതികളിലെ മദ്യവിതരണത്തിന് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഇതിനായി മദ്യവിതരണം എങ്ങനെയാകണമെന്നതുള്‍പ്പെടെ ചട്ടങ്ങളില്‍ വ്യക്തത വരുത്തും. ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാല്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംസ്ഥാനത്ത് നിന്ന് മാറ്റുന്നതായും ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നതായും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Read more

ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കുന്ന നടപടികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാര്‍ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിര്‍ദ്ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.