കൊല്ലം കല്ലുവാതുക്കലില്‍ റബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവിന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയാണ് കേസിലെ പ്രതി. ഇന്ത്യന്‍ ശിക്ഷാ നിയമം 304 പാര്‍ട്ട് രണ്ടും ബാലനീതി നിയമത്തിലെ 75ാം വകുപ്പും പ്രതിയ്‌ക്കെതിരെ ചുമത്തി.
കുട്ടി ജനിച്ച ഉടന്‍ പൊക്കിള്‍ക്കൊടി പോലും മുറിയ്ക്കാതെ രേഷ്മ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 2021 ജനുവരി 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പുലര്‍ച്ചെ ജനിച്ച കുട്ടിയെ രേഷ്മ റബര്‍തോട്ടത്തില്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കരിയില കൂട്ടത്തില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസെത്തി കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് ചോദ്യം ചെയ്തതോടെ രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മൊഴി നല്‍കി.
എന്നാല്‍ പ്രതിയുടെ വിചാരണ വേളയില്‍ രേഷ്മയുടെ മാതാവും ഭര്‍ത്താവിന്റെ മാതാവും അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന പ്രതിയുടെ ഭര്‍ത്താവ് പ്രതിഭാഗം സാക്ഷിയായി. പാരിപ്പള്ളി പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്.