യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണുന്നതിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷയുടെ അമ്മയും മകളും. അമ്മയും എട്ടു വയസ് പ്രായമുള്ള മകളുമടങ്ങുന്ന അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. സേവ് നിമിഷ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും ഇവര്‍ക്കൊപ്പം പോകാന്‍ അനുമതി തേടിയിട്ടുണ്ട്.
അനുമതി ലഭിക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണുമെന്നും മാപ്പ് അപേക്ഷിക്കുമെന്നും അമ്മ പറഞ്ഞു. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന.
നിമിഷപ്രിയയെ രക്ഷിക്കാന്‍ നേരിട്ട് ഇടപെടല്‍ നടത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിമിഷയുടെ അമ്മയും മകളും യെമനിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. മരിച്ച യെമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വ്യക്തമാക്കിയത്.
എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കാമെന്നും യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആദ്യം ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പ് നടക്കട്ടെ എന്നറിയിച്ചു കൊണ്ട് ഡല്‍ഹി ഹൈക്കോടതി ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി തള്ളി. ബന്ധുക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് നടപടിയില്‍ തടസം ഉണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമന് പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.
യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.