"നിങ്ങള്‍ എല്ലാവരും കൂടിയാണ് എന്റെ അച്ഛനെയും അമ്മയേയും കൊന്നത്"

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജനെ അടക്കാനുള്ള കുഴിയെടുത്ത് മകന്‍. സ്ഥലത്തെത്തിയ പൊലീസുകാരോട് നിങ്ങളാണ് അച്ഛനേയും അമ്മയേയും “കൊന്നതെന്നും” മകന്‍ പറഞ്ഞു.

“സാറേ ഇനി എന്റെ അമ്മയും കൂടിയെ മരിക്കാനുള്ളൂ. നിങ്ങളെല്ലാവരും കൂടിയാണ് എന്റെ അച്ഛനെയും അമ്മയേയും കൊന്നത്… ഇനി അടക്കാനും പറ്റില്ലെന്നാണോ?” മകന്‍ പൊലീസുകാരോട് പറഞ്ഞു.

മരിച്ച രാജന്റെ മകൻ അച്ഛനെ അടക്കാനുള്ള കുഴിയെടുക്കുന്നതിന്റെ വേദനാജനകമായ വീഡിയോ കൊടിക്കുന്നില്‍ സുരേഷ് എം.പി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Image may contain: 1 person, outdoor

ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജൻ ഇന്ന് പുലർച്ചെ മരിച്ചു. രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കണം എന്ന് രാജന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ആൺമക്കളെയും അനാഥരാക്കി രാജന്റെ ഭാര്യ അമ്പിളിയും മരിച്ചു.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം.

സംഭവം നടന്നത് 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുമ്പായി രാജൻ മൊഴി നൽകിയിരുന്നു.