കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളത്തിന്റെ മലയോരഗ്രാമങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. കോതമംഗലത്തും കുട്ടമ്പുഴയിലുമാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കാട്ടാന ആക്രമണത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്.

കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹവുമായി വന്‍ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.