'നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെ പിടിച്ച് ജയിലിൽ ഇട്ടത്, ജയിലെന്ന് കേട്ടാൽ പേടിക്കുന്നവരല്ല ഞങ്ങൾ': മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെ പിടിച്ച് ജയിലിൽ ഇട്ടതെന്നും അതുകൊണ്ട് ജയിലെന്ന് കേട്ടാൽ പേടിക്കുന്നവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നര വർഷമാണ് അവർ ഞങ്ങളെ ജയിലിൽ ഇട്ടത്. ചോദ്യം ചെയ്യൽ നേരിടാത്തവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

നിങ്ങൾ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട് നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സിബിഐയ്ക്ക് കേസ് കൊടുത്തത്. വിജിലൻസ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിൻ്റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐയ്ക്ക് കൊടുത്തത്. സിബിഐ വിശദമായി ചോദ്യം ചെയ്‌തിട്ടുണ്ടല്ലോ. എന്തെ അവർക്ക് ബോധ്യമായ കാര്യം. നേരത്തേ വിജിലൻസ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാർട്ടിയാണ് അധികാരത്തിൽ. അവരുമായി ആലോചിച്ച് എങ്ങനെയാണ് ആ കേസ് രജിസ്റ്റർ ചെയ്തതെന്നും അന്നത്തെ സിബിഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാൻ നോക്കെന്നും പിണറായി വിജയൻ പറഞ്ഞു. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുതെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ ദീഘകാലമായി എനിക്കൊക്കെ എതിരായി നീങ്ങുന്ന പ്രത്യേക ആൾക്കാർ ഉണ്ട്. അവരെ സംരക്ഷിച്ച് നിർത്തുന്നവർ നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ഉണ്ട്. അവർ ഇനിയും അതൊക്കെ തുടരും. നിങ്ങടെ കൂട്ടത്തിലുള്ള ചിലർ ആ കൂട്ടത്തിന്റെ സംരക്ഷകരായി ഉണ്ട്. ആ സംരക്ഷകരായി ഇരിക്കുന്നവർ ഇവിടെ വരുമ്പോൾ പറയുന്ന കാര്യങ്ങൾ അതേപടി ആവർത്തിച്ചാൽ അത് നിങ്ങൾക്ക് കാര്യങ്ങൾ വിവേചനപൂർവം മനസിലാക്കാൻ കഴിയുന്നില്ലെന്ന എന്ന നിലായാണ് ഉണ്ടാക്കാൻ കഴിയുന്നതെന്ന് തിരിച്ചറിയുന്നതാണ് നല്ലത്. നിങ്ങൾക്ക് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ടെന്നാണ് ആളുകളൊക്കെ പറയുന്നത്. എന്നാൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പഴയത് പോലെയാണ് നിൽക്കുന്നതെന്ന് ആളുകൾ മനസിലാക്കും എന്ന് കൂടി ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.