നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. സിനിമയുടെ ഓഡിഷനിൽ ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ വാദമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലും കാസ്റ്റിംഗ് കൗച്ച് പരാമർശമുണ്ടെന്നും ഈ പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്‍. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നദി പറഞ്ഞിരുന്നു.