'ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില'; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് നല്‍കിയ പരാതിയില്‍ വയനാട് ആര്‍ടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള യാത്ര.

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു യാത്ര. മോഡിഫൈ ചെയ്ത വാഹനത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആകാശിനൊപ്പം മറ്റ് രണ്ടുപേരും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല.

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കായിരുന്നു തില്ലങ്കേരിയുടെയും അനുയായികളുടെയും യാത്ര. മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്.