സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിജിൽ മോഹൻ ആണ് പരാതി നൽകിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ദിവ്യ എസ് അയ്യർ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ല 1968ലെ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് ദിവ്യ എസ് അയ്യർ നടത്തിയതെന്നും കർശനമായ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന സമിതിയാണ് കെ.കെ. രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്.
Read more
ആ പദവിയെക്കുറിച്ച് പോസ്റ്റിട്ടത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരമായി പ്രഫഷനൽ അഭിപ്രായമാണ് പറഞ്ഞതെങ്കിൽ എന്തിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയിൽ ചോദിക്കുന്നു. വാക്ക് കൊണ്ടു ഷൂ ലേസ് കെട്ടികൊടുക്കുന്ന പരിപാടിയാണ് ദിവ്യ കാണിച്ചത്. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കൽ ആണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ല പ്രീണനമാണ് നടത്തിയതെന്നും വിജിലിന്റെ പരാതിയിൽ പറയുന്നു.