കെ. സുധാകരനെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍; അതൃപ്തി അറിയിച്ച് ഡി.സി.സിക്ക് കത്ത്

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘടന. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ കോഴിക്കോട് ഡിസിസിയ്ക്ക് കത്തയച്ചു.

തങ്ങളുടെ വികാരമാണ് ദുല്‍ഖിഫില്‍ പ്രകടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനോട് ചോദിച്ചിട്ടു വേണമായിരുന്നു ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ എന്നും വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ പറഞ്ഞു. ഡിസിസിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തിയ കെ സുധാകരന്റെ പ്രസ്താവനയെയാണ് ദുല്‍ഖിഫില്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഒരു ദിവസം പോലും അവര്‍ വിതരണം മുടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more

കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറ പിടിക്കാനുള്ള പ്രചരണ തന്ത്രമാണ്. ഡിവൈഎഫ്ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്നും ദുല്‍ഖിഫില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.