യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ച തീരുമാനം മരവിപ്പിച്ചതിൽ പരിഭവമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് തുടർന്നുള്ള തീരുമാനമെടുക്കുമെന്നും അർജുൻ വ്യക്തമാക്കി.
തന്നെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് മെറിറ്റ് കണ്ടാണ്. ദേശീയ നേതൃത്വം നടത്തിയ കാമ്പയിനില്‍ പങ്കെടുത്തു. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തിരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. മാറ്റി നിര്‍ത്തിയത് ആരുടെ എതിര്‍പ്പു കൊണ്ടെന്ന് അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. തിരുവഞ്ചൂർ രാധാകൃഷണന് രാഷ്ട്രീയത്തിൽ മുന്നോട്ടു പോകാൻ തന്റെ പിന്തുണ ആവശ്യമില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു..
അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവാക്കിയതില്‍ കടുത്ത എതിര്‍പ്പ് ഉയർന്നതോടെ സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും സംസ്ഥാന വക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.