ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അഴിക്കാൻ പോയപ്പോൾ ആനയുടെ മുന്നിൽ പെടുകയായിരുന്നു.

ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ ആന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.