താനൂരിൽ കാണാതായ പെൺകുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ; വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും

മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.

നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് റഹിം അസ്‌ലം. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

Read more

അതേസമയം മുബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും.