യൂസഫ്അലിയുടെ നാട്ടികയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഈ മാസം അവസാനം

ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫ് അലി നടത്തുന്ന റിക്രൂട്ട്‌മെന്റ് പരിപാടി വീണ്ടും. തൃശൂര്‍ നാട്ടികയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെയാണ് ഇത്തവണയും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഈ മാസം 27,28 തിയതികളിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

ബുച്ചര്‍, ബേക്കര്‍, ഫിഷ് ക്ലീനര്‍, കുക്ക്, ടെലിര്‍, ആര്‍ട്ടിസ്റ്റ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ഇത്തവണ റിക്രീട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് പരിപാടി തുടങ്ങും. ലുലു ഗ്രൂപ്പ് എച്ച്.ആര്‍. വിഭാഗം നാട്ടികയില്‍ നടത്തുന്ന ആദ്യഘട്ട സ്‌ക്രീനിംഗിന് ശേഷം പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ തിരഞ്ഞെടുക്കും. 35 വയസ്സാണ് പ്രായപരിധി.

ആദ്യഘട്ട സ്‌ക്രീനിംഗ് ഇന്റര്‍വ്യൂവിന് ശേഷം യൂസഫ് അലി നേരിട്ട് ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് അന്തിമ പട്ടിക തയാറാക്കുന്നത്. ഇതിന്റെ തിയതി പുറത്തുവിട്ടിട്ടില്ല.

ജോലി ആവശ്യമുള്ളവര്‍ നാട്ടികയിലുള്ള എമ്മേ പ്രോജക്ട്‌സ് പരിസരത്ത് എത്താനാണ് ലുലു ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാന്യമായ വസ്ത്രധാരണത്തോടെ എത്തണമെന്നും കമ്പനി നിര്‍ദ്ദേശിക്കുന്നു.

37 രാജ്യങ്ങളില്‍നിന്നുള്ള 40,000 ത്തോളം ആളുകളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്. കാലാകാലങ്ങളായി യൂസഫ് അലിയുടെ നാടായ നാട്ടികയിലാണ് ലുലുവിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ചൂഷണം ഇല്ലാതാക്കാനാണ് യുസഫ് അലി നേരിട്ടെത്തി റിക്രൂട്ട്‌മെന്റുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.