തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കഡ് മറികടക്കാന്‍ ശ്രമിക്കുകയും സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു.
തിരുവനന്തപുരം പിഎംജിയില്‍ മുഖ്യമന്ത്രിക്കെതിരെപ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കരിങ്കൊടിയുമായി പ്രതിഷേധിച്ചതിനാണ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യാന്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം.
അതേസമയം മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മഹിളാമോര്‍ച്ചയും പ്രതിഷേധം നടത്തി. മുഖ്യമന്ത്രി, എ.ശിവശങ്കര്‍, കെ.ടി ജലീല്‍ ഉള്‍പ്പടെയുള്ള ആളുകളുടെ മുഖം മൂടി വച്ച് കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. സ്വര്‍ണ ബിരിയാണി എന്ന പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉള്‍പ്പടെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കരണവും പ്രവര്‍ത്തകര്‍ നടത്തി.
കൊച്ചിയിലും പത്തനംതിട്ടയിലും നടന്ന പ്രതിഷേധ മാര്‍ച്ചുകളിലും സംഘര്‍ഷമുണ്ടായി. കണയന്നൂര്‍ താലൂക്ക് ഓഫീസീലേക്ക് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ കറുപ്പണിഞ്ഞ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.