സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ഓണസന്ദേശം കുട്ടികള്‍ക്ക് മനസ്സിലാകില്ലെന്ന ആരോപണവുമായി യുവമോര്‍ച്ച നേതാവ്. കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുതെന്ന് നിർബന്ധമുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍.
ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30-നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവെച്ചത്. അത്തം മുതല്‍ വൃത്താകൃതിയിലിടുന്ന പൂക്കളം തുടര്‍ന്ന് വലിയ വൃത്തങ്ങളായി വളരും. ഇത് ദ്വിമാനത്തില്‍ മനസ് വളരേണ്ടതിന്‍റെ പ്രതീകാത്മക രൂപഭാവമാണ്. ഒടുവില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പനിലൂടെ പൂക്കുന്നിലൂടെയും മനസ്സ് ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്ക് വളരുന്നതായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കുള്ള മനസ്സിന്‍റെ വളര്‍ച്ചയുടെ പ്രതീകാത്മക രൂപം കൂടിയാണിത്. ഈ ദിശയിലുള്ള മനസ്സിന്‍റെ വളര്‍ച്ചയുടെ കൊടുമുടിയിലാണ് മാനുഷരെല്ലാം ഒന്നുപോലെ എന്ന മതനിരപേക്ഷ സംസ്കാരമുണ്ടാവുന്നതെന്നും മന്ത്രി സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ സന്ദീപ് ജി വാര്യരുടെ പ്രതികരണത്തോട് രൂക്ഷമായാണ് സമൂഹ മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. മലയാളം മാത്രമാണ് മന്ത്രി പറഞ്ഞത്, ശാഖയില്‍ പോവുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളില്‍ പോകാനും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ യുവമോര്‍ച്ച നേതാവിന്‍റെ പ്രതികരണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. എന്തായാലും കുറഞ്ഞ സമയം കൊണ്ട് മന്ത്രിയുടെ സന്ദേശം വൈറലായി കഴിഞ്ഞു.