കേരളത്തില്‍ ലൗ ജിഹാദുണ്ട്; കേന്ദ്രസര്‍ക്കാര്‍ നിലപാട് പോലും തള്ളി സീറോ മലബാര്‍ സഭ

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയെങ്കിലും സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന നിലപാടില്‍ ഉറച്ച് സീറോ മലബാര്‍ സഭ.

വിവിധ രൂപതകളില്‍ നിന്ന് ലഭിച്ച പരാതികള്‍ പരിശോധിച്ചാണ് സിനഡിന്റെ നിലപാട്. പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.

വിഷയത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി കാണുന്നില്ലെന്നും സീറോ മലബാര്‍ സഭ കൂട്ടിചേര്‍ത്തു.

നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആയിരുന്നു ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞത്. ലോക്‌സഭയില്‍ ബെന്നി ബഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാറിന്റെ വിശദീകരണം.

ലൗ ജിഹാദ് എന്നതിനു നിയമത്തില്‍ വ്യാഖ്യാനമില്ല. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ രണ്ടു മിശ്ര വിവാഹങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റു റെക്കോഡുകളൊന്നും ഇല്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.