പാലാ രൂപതയുടെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി സീറോ മലബാര്‍ സഭ. സമാന നിലപാട് എല്ലാ രൂപതകളും ആവിഷ്‌കരിക്കണമെന്നാണ് സഭയുടെ നിലപാടെന്നും വ്യക്തമാക്കി. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല സഭ പറയുന്നതെന്നും സീറോ മലബാര്‍ സഭ സിനഡല്‍ കമ്മീഷന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായമെന്ന തീരുമാനത്തിന് പിന്തുണയെന്നും സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും മാര്‍ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷന്‍ ചെയര്‍മാന്‍.
ഇത് സഭയുടെ നിലപാടാണെന്ന് വ്യക്തമാക്കുമ്പോഴും, ചില മാധ്യമങ്ങളും ഏതാനും കലാകാരന്‍മാരും ഇത്തരം കാര്യങ്ങളില്‍ പ്രതിലോമ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സിനഡ് കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നാടായ ഭാരതത്തില്‍ പൊതുസമൂഹത്തിനും യഥാര്‍ത്ഥത്തില്‍ ഉല്‍കണ്ഠ ഉണ്ടാകേണ്ടതാണ്. വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത് എന്നും സിനഡ് പറയുന്നു.
സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷന്‍ അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.