പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീളുന്നു. ഒരു കൊല്ലം മുമ്പ് എരട്ടക്കുളം തിരിവില്‍ വച്ച്് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയെ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു മാസം മുമ്പാണ് എരട്ടക്കുളം കേസിലെ അഞ്ച് പ്രതികളും ജാമ്യത്തിലിറങ്ങിയത്.
സക്കീര്‍ ഹുസൈനെ വെട്ടിയ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സംശയിക്കുന്നത്. ആളുകള്‍ നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഹോട്ടലിന്റെ തൂണില്‍ കെട്ടിയിട്ടാണ് സക്കീര്‍ ഹുസൈനെ സംഘം വെട്ടിയത്.
സുബൈറിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് സൂചന ലഭിച്ചിരുന്നു. അതിനാല്‍ ഈ സംഘം തന്നെയാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പരിശോധിക്കുകയാണ്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് പ്രതികളുടെ പ്രവര്‍ത്തനം. സുബൈറിനെ കൊലപ്പെടുത്തിയ അക്രമി സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.
നേരത്തെ അക്രമിസംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്ന രണ്ടാമത്തെ കാര്‍ കഞ്ചിക്കോട് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയരുന്നു.കൊലയ്ക്ക് ശേഷം സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ട് സംസ്‌കരിക്കും.