പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്. മൂവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നും സഞ്ജിത്ത് വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
സഞ്ജിത്തിന്റെ ഉറ്റസുഹൃത്തായ രമേശാണ് സുബൈര്‍ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍. സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ നേരത്ത രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഏപ്രില്‍ 1,8 തീയതികളില്‍ സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷു ദിനത്തില്‍ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.