പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ചത് നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിതാവ് ആറുമുഖന്‍ പറഞ്ഞു. ആരാണ് ഇപ്പോള്‍ കാര്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കാര്‍ തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷേപ്പിലാണെന്ന് അറിയില്ല. അതിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചിരുന്നില്ല. കൊലയാളി സംഘം ഈ കാറാണ് ഉപയോഗിച്ചത് എന്ന വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത് എന്ന് ആറുമുഖന്‍ പറഞ്ഞു. കാര്‍ സഞ്ജിത്തിന്റേത് തന്നെയാണ് എന്ന് ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ഷികയെ ഇന്നലെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മമ്പറത്തെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.
അക്രമി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട് നിന്നാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാര്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സൂചന ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങളും, ദൃക്സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് കടന്നത് എന്നാണ് വിവരം. ഇതനുസരിച്ച് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.