സീറോ മലബാര്‍സഭയിലെ കോടികളുടെ ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യം, കോടതി ഹര്‍ജി സ്വീകരിച്ചു

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സിജെഎം കേടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസിന്റെ പ്രസിഡന്റായ പോളച്ചന്‍ പുതുപ്പാറയാണ് ഹര്‍ജി നല്‍കിയത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ വൈദികര്‍ വത്തിക്കാന് പരാതി നല്‍കിയിരുന്നു. ഭൂമിയിടപാട് അന്വേഷിച്ച ആറംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഭൂമിയിടപാട് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പും പരാതിയ്ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.ഭൂമിയിടപാട് സംബന്ധിച്ച ആരോപണങ്ങളില്‍ കര്‍ദ്ദിനാളിനെ കുറ്റവിമുക്തനാക്കാനുള്ള ശ്രമത്തിന് തടയിടാനാണ് വൈദികരുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളെജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാന്‍ സീറോ മലബാര്‍ സഭ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്. 60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്.