Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LEGAL

ചെയ്യാത്ത കുറ്റത്തിന് 70 കാരന്‍ നല്‍കേണ്ടത് സ്വന്തം വീടും പുരയിടവും, ഗത്യന്തരമില്ലാതെ കുടുംബം

, 2:12 pm

68 വയസുളള പുരുഷോത്തമന്‍ ഇന്നും അലയുകയാണ്. ചെയ്യാത്ത കുറ്റത്തിന് കോടതി വിധിച്ച  ഭാരിച്ച നഷ്ടപരിഹാരതുക നല്‍കുവാനായി. കരുനാഗപ്പള്ളി തൊടിയൂര്‍ ശ്രീജാഭവനില്‍ പുരുഷോത്തമന്‍ 2009 ലാണ് കെ എല്‍ 01 എഫ് 7371 എന്ന ബൈക്ക് വാങ്ങിയത്. ദീര്‍ഘനാള്‍ ഉപയോഗിച്ചതിനുശേഷം അത് കരുനാഗപ്പളളിയിലെ വാഹനകച്ചവടകാരനു വില്‍ക്കാന്‍ പുരുഷോത്തമന്‍ തീരുമാനിച്ചു. എന്നാല്‍ വാഹനം കൈമാറുമ്പോള്‍ ഉടമസ്ഥന്റെ പേരുമാറ്റണം എന്ന കാര്യം അയാള്‍ ചിന്തിച്ചിരുന്നില്ല. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ഈ ബൈക്ക് നിരവധി ആളുകള്‍ വാങ്ങുകയും വില്‍കുകയും ചെയ്തു.  അവസാനം ബൈക്ക് സ്വന്തമാക്കിയത് ക്ലാപ്പന സ്വന്ദേശി സന്തോഷായിരുന്നു.

2013 ല്‍ സന്തോഷ് ഉപയോഗിച്ചിരുന്ന ബൈക്ക് അബ്ബാസെന്ന യുവാവിനെ ഇടിച്ചിട്ടു. തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ആ യുവാവിന്റെ ജീവനെടുത്തു. തുടര്‍ന്നാണ് പുരുഷോത്തമനിലേയ്ക്ക് അന്വേഷണം എത്തുന്നത്. അബ്ബാസിന്റെ മരണത്തോടെ അയാളുടെ ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാലാ വാഹനാപകട നഷ്ട പരിഹാര ട്രിബ്യൂണലിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രിബ്യൂണല്‍ അബ്ബാസിന്റെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.  മിനിലോറിയുടെ രേഖകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കി. എന്നാല്‍ അധികം വൈകാതെ ബൈക്ക് തട്ടിയാണ് അബ്ബാസ് റോഡില്‍ വീണതെന്നും തുകയുടെ പകുതി ബൈക്ക് ഉടമ നല്‍കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ വിധിയില്‍ 11 ലക്ഷം രൂപയും 11 ശതമാനം നിരക്കില്‍ പലിശയും പുരുഷോത്തമന്‍ നല്‍കണമെന്നായിരുന്നു. നഷ്ട പരിഹാര തുക അടക്കാന്‍ വൈകിയത്തോടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ആളെത്തിയപ്പോളാണ് പുരുഷോത്തമന്‍ തനിക്കു പറ്റിയ അറിവില്ലായ്മയെ കുറിച്ച് മനസിലാക്കുന്നത്.

കിണറു പണിക്കാരനായ ഇയാള്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരുമകന്റെ കൂടെയാണ് താമസിക്കുന്നത്. മരുമകന്റെ കാശുകൊണ്ട് മാത്രം കഴിയുന്ന ഈ കുടുമ്പത്തിനു കേസു നടത്തുവാനുളള കാശില്ലാതത്തിനാല്‍ ഇവര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മേഖലാ ഓഫീസിനെ സമീപിച്ച് പലിശകുറച്ചുകൊടുക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അവര്‍ കൈ ഒഴിഞ്ഞു. ജപ്തി നടപടികള്‍ നടന്നാല്‍ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയാണ് കുടുംബത്തിന്. പുരുഷോത്തമന്റെ കുടുംബത്തിന്റെ ഈ ദുരവസ്ഥ മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisement