സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ എംസി ജോസഫൈന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായി സൂചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണത്തിന് പിന്നാലെ ജോസഫൈന്‍ രാജിവെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അടതുപക്ഷ അനുഭാവികളും, സഹയാത്രികരും ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്ന സാഹചര്യത്തില്‍ ജോസഫൈനെ പിന്തുണക്കേണ്ട എന്ന നിലപാടാണ് യോഗത്തിന്റെ പൊതുവികാരം. സ്ഥാനത്തിന്റെ പ്രാധാന്യത്തെ ജോസഫൈന്‍ ഉള്‍ക്കൊണ്ടില്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഇ പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ജോസഫൈനെ തള്ളിപ്പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാതി പറയാനെത്തിയ യുവതിയോട് അനുഭവിച്ചോളൂ എന്ന പരാമര്‍ശമാണ് ജോസഫൈന്‍ നടത്തിയത്. ഇതോടെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജോസഫൈന്റെ പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ രീതിയില്‍ അവമതിപ്പും നാണക്കേടുമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമര്‍ശനത്തിന് പിന്നാലെയാണ് ജോസഫൈന്‍ രാജിവെയ്ക്കുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്.
അതേസമയം സംഭവത്തില്‍ ജോസഫൈന്‍ രാജിവെയ്ക്കേണ്ട നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ തത്സ്ഥാനത്തു നിന്ന് മാാറേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. അതേസമയം വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ മാറ്റണമൈന്ന് എഐവൈഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോസഫൈന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പാര്‍ട്ടി ഇടപെട്ട് സ്ഥാനത്തു നിന്ന് മാറ്റുന്നത്.