ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതല്‍ മെറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് സന്ധ്യ ദേവനാഥന്‍. 2023 ജനുവരി ഒന്നിന് പുതിയ ചുമതല അവര്‍ ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥന്‍ പ്രവര്‍ത്തിക്കും.
22 വര്‍ഷത്തെ പ്രവൃത്തി പരിചയവും ബാങിങ്, പേയ്മെന്റ്, ടെക്നോളജി രംഗങ്ങളിലും അന്താരാഷ്ട്രതലങ്ങളില്‍ ജോലി ചെയ്ത അനുഭവ സമ്പത്തും ഉള്ള ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ ദേവനാഥന്‍. 2000ത്തില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയിരുന്നു. 2016ലാണ് സന്ധ്യ മെറ്റയുടെ ഭാഗമായത്. സിംഗപ്പൂരിലെയും വിയറ്റ്‌നാമിലെയും മെറ്റയുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ തെക്കുകിഴക്കന്‍ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു.
മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാന്‍ഡല്‍സന്‍ പറഞ്ഞിരുന്നു.
Read more
അതേസമയം നേരത്തേ വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും കമ്പനി വിട്ടു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിക്ക് പിന്നാലെയാണ് ഇരുവരും പടിയിറങ്ങുന്നത്. നിലവിലെ വാട്‌സാപ്പ് പബ്ലിസി പോളിസി മേധാവി ശിവ്‌നാഥ് തുക്രാല്‍ മെറ്റ പോളിസി മേധാവിയാകും.