ഇന്ധനവില (fuel price) വർദ്ധനയെ കുറിച്ചും ലഡാക്കിൽ (Ladakh) ചൈനയുടെ (China) കടന്നുകയറ്റത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഒരക്ഷരം പറയുന്നില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി (Asaduddin Owaisi).
“പ്രധാനമന്ത്രി മോദി ഒരിക്കലും രണ്ട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാറില്ല ഒന്ന് പെട്രോൾ, ഡീസൽ വില വർദ്ധന, രണ്ട് ലഡാക്കിൽ നമ്മുടെ പ്രദേശം ചൈന കൈയേറിയത്.” ഒരു സമ്മേളനത്തില്‍ അസദുദ്ദീൻ ഒവൈസി തിങ്കളാഴ്ച പറഞ്ഞു. “ചൈനയെ കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ഭയപ്പെടുന്നു,” അദ്ദേഹം ആരോപിച്ചു.
പെട്രോൾ, ഡീസൽ വിലൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 105.84 രൂപയും, ഡീസലിന് ലിറ്ററിന് 94.57 രൂപയുമാണ് വില.
“നമ്മുടെ ഒമ്പത് സൈനികർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടു, ഒക്ടോബർ 24 ന് ഇന്ത്യ പാകിസ്ഥാനുമായി ടി 20 മത്സരം കളിക്കാൻ പോകുകയാണ്,” ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ വിവിധ ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് പ്രതികരിച്ച അസദുദ്ദീൻ ഒവൈസി പറഞ്ഞു.
“നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. നിങ്ങൾ ടി 20 കളിക്കുമോ? പാകിസ്ഥാൻ എല്ലാ ദിവസവും കശ്മീരിൽ 20-20 കളിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജീവൻ കൊണ്ടാണ്,” ഒവൈസി കൂട്ടിച്ചേർത്തു.
കശ്മീരിൽ സാധാരണ ജനങ്ങളെ ഭീകരർ കൊലപ്പെടുത്തുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പരാജയമാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
“ബിഹാറിലെ പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു, സാധാരണക്കാരെ ലക്ഷ്യം വെച്ച് ഭീകരർ ആക്രമണം നടത്തുന്നു, ഇന്റലിജൻസ് ബ്യൂറോയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്താണ് ചെയ്യുന്നത്? ഇത് കേന്ദ്രത്തിന്റെ പരാജയമാണ്,” ഒവൈസി പറഞ്ഞു.
ജമ്മു കശ്മീരിലെ ശ്രീനഗർ, പുൽവാമ ജില്ലകളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണങ്ങളിൽ ബിഹാറിൽ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ ഭീതി ജനിപ്പിച്ച് നിരവധി സാധാരണക്കാരെ ഭീകരർ കൊലപ്പെടുത്തി.