കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താമെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള വാഗ്‌ദാനം കർഷകർ ഏകകണ്ഠമായി നിരസിച്ചു, മാത്രമല്ല തങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
ഡൽഹി-ജയ്പൂർ ഹൈവേ അടയ്ക്കൽ, റിലയൻസ് മാളുകൾ ബഹിഷ്കരിക്കുക, ടോൾ പ്ലാസ പിടിച്ചെടുക്കൽ എന്നിവയാണ് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്നത്. ഡിസംബർ 14 നകം രാജ്യത്തുടനീളം സമ്പൂർണ്ണ പ്രതിഷേധമുണ്ടാകുമെന്ന് കർഷകർ പറഞ്ഞു.
കാർഷിക നിയമങ്ങളിൽ ഒന്നിലധികം ഭേദഗതികൾക്കുള്ള നിർദ്ദേശം കേന്ദ്രം രേഖാമൂലം അയച്ചതിനെ തുടർന്ന് നടത്തിയ യോഗത്തിലാണ് സർക്കാർ വാഗ്‌ദാനം നിരസിച്ചുകൊണ്ട് പ്രതിഷേധം തുടരാൻ തീരുമാനമായത്. നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കർഷകരുമായി നടത്തിയ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായിരുന്നു. ഇന്ന് വൈകുന്നേരം കൃഷിമന്ത്രി നരേന്ദ്ര തോമർ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി രണ്ടര മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.