ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ചവരും പാർശ്വഫലങ്ങൾ നേരിടുന്നതായി പഠനം. കോവാക്സിൻ എടുത്ത മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായാണ് പഠനം. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൗമാരാക്കാരായ പെണ്‍കുട്ടികളും മറ്റു അസുഖ ബാധിതരായവരും ആണ് കൂടുതലായി പാര്‍ശ്വഫലങ്ങള്‍ നേരിടുന്നത്. ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്. ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും ഇവരില്‍ കണ്ടെത്തി. നാലുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു.
അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പഠനം ഫലപ്രദവും പക്ഷാപാതപരമല്ലാത്തതുമാകണമെങ്കില്‍, വാക്‌സിന്‍ സ്വീകരിക്കാത്തവരുടെയും മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവരുടേയും ആരോഗ്യസ്ഥിതിയെ കുറിച്ചും പഠിക്കണമെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.
1,024 പേരെയാണ് പഠനവിധേയമാക്കിയത്. 635 പേര്‍ കൗമാരക്കാരായിരുന്നു. 291 പേര്‍ മുതിര്‍ന്നവരായിരുന്നു. 304 കൗമാരക്കാരിലും (47.9 ശതമാനം), 124 മുതിര്‍ന്നവരിലും ശ്വാസകോശ അണുബാധ റിപ്പോര്‍ട്ട് ചെയ്തു. 10.2 ശതമാനം പേര്‍ക്ക് ത്വക്ക് രോഗങ്ങളും 4.7 ശതമാനം പേര്‍ക്ക് ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങളും 5.8 ശതമാനം പേര്‍ക്ക് പേശി സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 5.5 ശതമാനം പേര്‍ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 0.3 ശതമാനം പേര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യതകളും കണ്ടെത്തി. അലര്‍ജിയും ടൈഫോയിഡുമുള്ള കൗമാരാക്കാരിലും സ്ത്രീകളിലും വാക്‌സിനേഷന് ശേഷം ഇവ യഥാക്രമം 1.6, 2.8 ശതമാനം മടങ്ങ് വര്‍ധനവുണ്ടായി.
കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തിൽനിന്ന് അത് പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. കോവിഷീൽഡ് വിവാദങ്ങൾക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിൻ കോവാക്സിനാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു,