ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത 11 വയസുകാരിയെ ബലാത്സംഗം ചെയ്തു. റാംപൂർ ജില്ലയിലാണ് സംഭവം. ക്രൂരമായി ബലാത്സംഗം നേരിടേണ്ടിവന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. പൊലീസ് ഏറ്റുമുട്ടലിൽ കാലിൽ വെടിയേറ്റ പ്രതിയായ 24 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ ഒരു വയലിൽ നഗ്നയായും പരിക്കേറ്റ നിലയിലും ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ, അതേ ഗ്രാമത്തിലെ താമസക്കാരനായ ഡാൻ സിങ്ങിനെ (24) തിരിച്ചറിയുകയായിരുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നുന്നതിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ച വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ ഡാൻ സിങ്ങിന് കാലിൽ വെടിയേൽക്കുകയും ചെയ്തു.
ഒന്നോ അതിലധികമോ ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർ അഞ്ജു സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകളും മുഖത്ത് മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിന്റെ മുറിവുകയുമുണ്ട്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒന്നാണിതെന്നും ഡോകടർ പറയുന്നു.
പ്രതിക്കെതിരെ ഇലക്ട്രോണിക് തെളിവുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്ത് പ്രതി പെൺകുട്ടിയുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.