രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ എല്ലാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭരണകക്ഷിയായ എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി.
ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളെയും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരെയുമാണ് എതിരില്ലാതെ വിജയിപ്പിച്ച് എടുത്തത്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു. 112 ആണ് എന്‍ഡിഎ മുന്നണിയുടെ അംഗബലം. ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും മോദി സര്‍ക്കാരിനുണ്ട്. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ ഭരണമുന്നണിയുടെ കരുത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും. ഒരു കോണ്‍ഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ ഇന്ത്യ മുന്നണിയുടെ അംഗസഖ്യ 85 ആയി ഉയര്‍ന്നു.
രാജ്യസഭയില്‍ ആകെ 245 സീറ്റുകളാണുള്ളത്. ഇതില്‍ ജമ്മു കാശ്മീരില്‍ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങള്‍ക്കുള്ള നാലും സീറ്റുകള്‍ അടക്കം എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാല്‍ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഭൂരിപക്ഷം നേടിയതോടെ രാജ്യസഭയില്‍ നിഷ്പ്രയാസം ബില്ലുകള്‍ പാസാക്കി എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഒരു ദശാബ്ദത്തിന് ശേഷമാണ് എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നത്. നേരത്തെ ലോക്‌സഭയില്‍ ബില്ല് പാസ്സാക്കിയാലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പുറത്തുനിന്നുള്ള പാര്‍ട്ടികളുടെ സഹായം ബിജെപി തേടിയിരുന്നു.
അസമില്‍ നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തെലി, ബിഹാറില്‍ നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചാധരി, മധ്യപ്രദേശില്‍ നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍ നിന്ന് ധിര്യ ഷീല്‍ പാട്ടീല്‍, ഒഡീഷയില്‍ നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍ നിന്ന് രവ്നീത് സിംഗ് ബിട്ടു, ത്രിപുരയില്‍ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്വി തെലങ്കാനയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്ന് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നിതിന്‍ പാട്ടീലും ബിഹാറില്‍ നിന്ന് ആര്‍എല്‍എമ്മിന്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.