മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 12 സീറ്റുകള്‍ വേണമെന്ന് മഹാ വികാസ് അഘാഡി സംഖ്യത്തോട് ആവശ്യപ്പെട്ട് സിപിഎം. ഈ വര്‍ഷം അവസാനത്തോടെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 288 നിയമസഭ മണ്ഡലങ്ങളാണുള്ളത്.
12 സീറ്റ് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം അശോക് ധാവ്ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എന്‍.സി.പി നേതാവ് ശരദ് പവാര്‍, സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
വരും ദിവസങ്ങളില്‍ ശിവസേന ഉദ്ദവ് വിഭാഗം, കോണ്‍ഗ്രസ് നേതാക്കളെയും കാണുമെന്ന് അശോക് ധാവ്ളെ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വിനോദ് നിക്കോളെ എം.എല്‍.എ, ഡോ. ഉദയ് നര്‍കാര്‍, ഡോ. അജിത് നാവ്ലെ, മുന്‍ എം.എല്‍.എമാരായ നരസയ്യ ആദം, ജെ.പി. ഗാവിത് തുടങ്ങിയവരും പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. ആകെയുള്ള 48 സീറ്റില്‍ 31ലും എം.വി.എ-ഇന്‍ഡ്യ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എന്‍.ഡി.എ 17 സീറ്റിലൊതുങ്ങി. 2019ല്‍ എന്‍.ഡി.എ 42 സീറ്റുകള്‍ സ്വന്തമാക്കിയ സ്ഥാനത്താണിത്.