ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിര്‍മാണത്തിലായിരുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആറാം ദിനവും രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ട്യൂബ് വഴി ഭക്ഷണവും വെള്ളവും ഓക്സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. ഞായറാഴ്ച്ചയാണ് നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്‍റെ ഒരു ഭാഗം തകർന്നത്. 2018ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ വിജയകരമായി പുറത്തെത്തിച്ചതുപോലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ തായ്‌ലൻഡിലെയും നോർവേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
തകര്‍ന്ന തുരങ്കത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ 24 മീറ്ററോളം തുരന്ന് തൊഴിലാളികൾക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി നാല് പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. യുഎസ് നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ കഴിഞ്ഞ ദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴി എത്തിച്ചിട്ടുണ്ട്. 4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരിക്കന്‍ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രി മുതല്‍ ഉപകരണം വെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തൊഴിലാളികളുടെ മാനസിക ആരോഗ്യത്തെ കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പുറംലോകം കാണാതെ ഒരേ സ്ഥലത്ത് ദിവസങ്ങളായി തുടരുന്നതിനാല്‍ തൊഴിലാളികള്‍ പരിഭ്രാന്തരാകാന്‍ സാധ്യതയുണ്ടെന്ന് നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.അജയ് അഗർവാൾ പറഞ്ഞു.
ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.