കാര്‍ഷീക പ്രതിസന്ധി; ഛത്തീസ്ഗഢില്‍ 1344 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഢില്‍ ആത്മഹത്യ ചെയ്തത് 1344 കര്‍ഷകര്‍. ഛത്തീസ്ഗഢ് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2016-17 വര്‍ഷത്തില്‍ 14705 പേര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടുണ്ടെന്നും അതില്‍ 1344 പേരും കര്‍ഷകരാണെന്നും ആഭ്യന്തരമന്ത്രി രാംസേവക് പൈക്ര പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഇദ്ദേഹം. കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം ഉത്തരേന്ത്യയില്‍ വ്യാപകമായി കര്‍ഷര്‍ ജീവനൊടുക്കുന്നത് തുടര്‍ക്കഥയാവുകയാണ്. ഇതിനിടയിലാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ ഇങ്ങനെയൊരു കണക്ക് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യാക്കേസുകളില്‍ 32 പേരും കടുത്ത സാമ്പത്തികബാധ്യത താങ്ങാനാകാതെ ജീവനൊടുക്കിയ കര്‍ഷകരാണ്. ഇവരില്‍ 25 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 16 ലക്ഷം രൂപ ധനസഹായം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഛത്തീസ്ഗഡില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത് സുരാജ്പൂര്‍ ജില്ലയിലാണ് . 224 പേരാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഈ ജില്ലയില്‍ ആത്മഹത്യ ചെയ്തത്. മറ്റുള്ള ജില്ലകളിലെ ആത്മഹത്യാനിരക്ക് ഇങ്ങനെ, ബലോഡാബസാര്‍(210),ബലോഡ്(165), മഹ്‌സാമുന്‍ഡ്(134), ബിലാസ്പൂര്‍(85), ബലംപൂര്‍(70).

കടുത്ത സാമ്പത്തികബാധ്യത മൂലം ജീവനൊടുക്കുന്ന ഉത്തരേന്ത്യന്‍ കര്‍ഷകരെക്കുറിച്ച് ഒട്ടേറെ വാര്‍ത്തകള്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.