ശശി തരൂരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സുനന്ദ പുഷ്കർ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നെന്ന് ഡൽഹി പൊലീസ് ചൊവ്വാഴ്‌ച കോടതിയിൽ പറഞ്ഞു. ശശി തരൂർ ഭാര്യയെ പീഡിപ്പിച്ചിരുന്നെന്നും, ഇത് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നും പോലീസ് ആരോപിച്ചു.
കേസിൽ നിലവിൽ ജാമ്യത്തിലിരിക്കുന്ന മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 498-എ (ഭർത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം പ്രകാരം സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷമാണെന്നും അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 പരിക്കേറ്റ അടയാളങ്ങൾ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിനോട് അന്വേഷണ ഏജൻസി പറഞ്ഞു. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുള്ളത്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെതിരെ ആരോപണം ഉന്നയിക്കുന്നത് സംബന്ധിച്ച വാദം കേൾക്കുന്നതിനിടെയാണ് ഡൽഹി പോലീസിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ഈ വാദം ഉന്നയിച്ചത്.
പാകിസ്ഥാൻ പത്രപ്രവർത്തകയായ മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുനന്ദയുടെ മാനസിക അസ്വസ്ഥത വർദ്ധിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശവുമായിരുന്നെന്ന് കുറ്റപത്രത്തിന്റെ ഭാഗമായി സുനന്ദ പുഷ്കറുടെ സുഹൃത്തും പത്രപ്രവർത്തകയുമായ നളിനി സിംഗിന്റെ പ്രസ്താവനയെ കുറിച്ചും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.“എന്റെ പ്രിയപ്പെട്ടവൾ” എന്ന് അഭിസംബോധന ചെയ്ത് തരൂർ മെഹർ തരാറിന് എഴുതിയ ഇ-മെയിലും കണ്ടെത്തിയതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തരൂരും തരാറും പരസ്പരം എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കുന്ന വിവിധ കത്തുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ നിരസിച്ചു, അത്തരം ഒരു ഇ-മെയിലിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 3-1 ലേക്ക് മാറ്റി.