രാജ്യത്ത് പുതുതായി 2.35 ലക്ഷം രോഗികള്‍, 871 മരണം, ടി.പി.ആര്‍ 13.39 ശതമാനം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,532 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞു.

അതേസമയം കോവിഡ് മരണ നിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4.93 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 20,04,333 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,35,939 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്.

ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പ്, പ്രതികരണ നടപടികള്‍ എന്നിവ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിലയിരുത്തും.

Read more

ഇന്നലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ ഉന്നതതല യോഗത്തില്‍, ഇ-സഞ്ജീവനി, ടെലികണ്‍സള്‍ട്ടേഷന്‍, ഹോം ഐസൊലേഷന്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് അറിയിച്ചിരുന്നു. പരിശോധന നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.