ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന. ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരെയാണ് 74കാരിയായ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡല്‍ മത്സരത്തിനിറങ്ങുന്നത്. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ സാവിത്രി ജിന്‍ഡല്‍ ജനവിധി തേടുക.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സാവിത്രി ജിന്‍ഡല്‍ ഹിസാറില്‍ മത്സരിക്കുക. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം. നേരത്തെ ഭൂപീന്ദര്‍ സിങ് ഹൂഡ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സാവിത്രി ജിന്‍ഡല്‍. ഒപി ജിന്‍ഡലിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു സാവിത്രി ജിന്‍ഡല്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
2005ല്‍ ഹിസാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച സാവിത്രി ജിന്‍ഡല്‍ ഒന്‍പത് വര്‍ഷത്തോളം ഹരിയാന സര്‍ക്കാരിലെ മന്ത്രിയായിരുന്നു. തുടര്‍ന്ന് 2014ല്‍ ബിജെപിയുടെ കമല്‍ ഗുപ്തയോട് പരാജയപ്പെട്ടതോടെയാണ് സാവിത്രിയ്ക്ക് രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചടി ലഭിക്കുന്നത്. എന്നാല്‍ പിന്നീട് ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു സാവിത്രി ജിന്‍ഡല്‍.
സാവിത്രി ജിന്‍ഡലിന്റെ മകന്‍ നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് നവീന്‍ ജിന്‍ഡല്‍ ഉള്‍പ്പെടെയുള്ള ജിന്‍ഡല്‍ കുടുംബം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹിസാര്‍ മണ്ഡലത്തില്‍ ബിജെപി മന്ത്രി കൂടിയായ കമല്‍ ഗുപ്താണ് ബിജെപി സ്ഥാനാര്‍ത്ഥി.
ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡല്‍ കളം മാറ്റിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയതിന് പിന്നാലെ താന്‍ കോണ്‍ഗ്രസ് വിട്ടിരുന്നില്ലെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നുമാണ് വാദിക്കുന്നത്. ഹിസാര്‍ തന്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താന്‍ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സാവിത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് പറഞ്ഞ സാവിത്രി അവരോട് തനിക്ക് പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് മകനോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാവിത്രി ജിന്‍ഡല്‍ പറഞ്ഞു. ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 2.81 ലക്ഷം കോടി രൂപയാണ് സാവിത്രി ജിന്‍ഡലിന്റെ ആസ്തി.