2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് അവസാന വാരത്തിൽ പശ്ചിമ ബംഗാൾ സന്ദർശിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഷായുടെ സന്ദർശന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യ സംസ്ഥാന സന്ദർശനമാണിത്.
ബുധനാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാർ, പാർട്ടിയുടെ ഐടി സെല്ലിന്റെ ദേശീയ കൺവീനർ അമിത് മാളവ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഷാ, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പശ്ചിമ ബംഗാളിലെ എല്ലാ ഉന്നത ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
2021 ലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ പശ്ചിമ ബംഗാളിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നു. അവിടെ ഒരു കാവി തരംഗം സൃഷ്ടിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ആകെയുള്ള 294 ൽ 214 സീറ്റുകൾ നേടിയ തൃണമൂൽ കോൺഗ്രസ് മൂന്നാം തവണയും അധികാരത്തിൽ വരുന്നത് തടയാൻ ബിജെപിക്ക് കഴിഞ്ഞില്ല.