അദാനിക്കെതിരെ അടിയന്തരമായി ഉത്തരവിറക്കണം; ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി 21 രാജ്യാന്തര സംഘടനകള്‍; സംഘടിത നീക്കം നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരിക്കുന്ന കേസില്‍ ഉടന്‍ വാദംകേട്ട് ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്ത് നല്‍കി 21 രാജ്യാന്തര സംഘടനകള്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജന്‍സ് ഫയല്‍ ചെയ്ത കേസില്‍ ഉടന്‍ വാദം കേട്ട് ഉത്തരവിറക്കണം എന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, അദാനിക്കെതിരെയുള്ള രാജ്യന്തര സംഘടനകളുടെ നീക്കം സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായിക്കെതിരെയുള്ള സംഘടിത നീക്കമായാണിതിനെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.

അദാനി ഗ്രൂപ്പ് കല്‍ക്കരി കുംഭകോണം നടത്തി വന്‍ ലാഭം നേടിയെന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് 21 രാജ്യാന്തര സംഘടനകള്‍ കത്ത് നല്‍കിയിരിക്കുനന്നത്. ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഇന്‍ഡൊനീഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് തമിഴ്‌നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോക്ക് അദാനി ഗ്രൂപ്പ് വിറ്റു എന്നായിരുന്നു ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

മോശം കല്‍ക്കരി മൂന്നിരട്ടി വിലയ്ക്ക് ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വിറ്റ് അദാനി കോടികളുടെ ലാഭമുണ്ടാക്കിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസാണ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2014 ജനുവരിയില്‍ അദാനി ഗ്രൂപ്പ് ഒരു ടണ്ണിന് 28 ഡോളര്‍ നിരക്കില്‍ ഒരു ഇന്ത്യോനേഷ്യന്‍ കമ്പനിയില്‍ നിന്ന് ലോ-ഗ്രേഡ് കല്‍ക്കരി വാങ്ങുകയും, ഇത് പിന്നീട് തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് വിറ്റെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ആവശ്യപ്പെട്ട നിലവാരത്തിന് അനുസരിച്ചുള്ള കല്‍ക്കരിയല്ല അദാനി ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഓര്‍ഗനൈസസ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് ആണ് അദാനിയുടെ അഴിമതിക്കെതിരെ വിവരങ്ങള്‍ ശേഖരിച്ചത്. ഇത് പിന്നീട് ഫിനാന്‍ഷ്യല്‍ ടൈംസിന് കൈമാറുകയായിരുന്നു.

ഒരു കിലോഗ്രാമിന് 3500 കലോറി ലഭിക്കുന്ന ഇന്തോനേഷ്യന്‍ കല്‍ക്കരി 6000 കലോറി ലഭിക്കുമെന്ന് പറഞ്ഞാണ് അദാനി ഗ്രൂപ്പ് തമിഴ്നാട് കമ്പനിക്ക് വിറ്റത്. സാധാരണ ഗതിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി കത്തിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവില്‍ ദോഷകരമായ വാതകങ്ങള്‍ പുറത്തുവിടുന്ന രീതിയില്‍ ശുദ്ധീകരിക്കപ്പെട്ട കല്‍ക്കരിയാണിതെന്നും അദാനി ഗ്രൂപ്പ് കബളിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം ചരക്കെത്തിച്ച തെളിവുകളും ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ടുണ്ട്. ഗതാഗത ചെലവിനപ്പുറത്തേക്ക് ഭീമമായ ലാഭമാണ് അദാനി ഗ്രൂപ്പ് ഈ ഇടപാടിലൂടെ നേടിയത്.

നേരത്തെ 2023ല്‍ അദാനി, എസ്സാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2011-നും 2015-നും ഇടയില്‍ ഇന്‍ഡൊനീഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ തുക പെരുപ്പിച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിലെ ചില കമ്പനികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. 2016-ലെ ഈ കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ നടപടികള്‍ വേഗത്തിലാക്കാനാണ് ചീഫ് ജസ്റ്റിസിന് 21 രാജ്യാന്തര സംഘടനകള്‍ കത്ത് നല്‍കിയത്.