വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ തല ഓവനില്‍ കുടുങ്ങി

യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ തല ഓവനില്‍ കുടുങ്ങി. ഇരുപത്തുരണ്ടുകാരനായ ബ്രിട്ടീഷ് യുവാവിന്റെ തലയാണ് കുടുങ്ങിയത്. മുഖത്തിന്റെ ആകൃതിയിലുള്ള മാസ്‌ക് നിര്‍മിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് പദാര്‍ഥം നിറച്ച ഓവനില്‍ തലകുടുങ്ങിയ യുവാവിനെ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച് മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ചതിനു ശേഷം മുഖം അതില്‍ അമര്‍ത്തുകയും അങ്ങനെ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുകയുമായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. സംഭവം ചിത്രീകരിക്കുന്നതിനായി ക്യാമറയും സജ്ജമാക്കിയിരുന്നു. ആദ്യം ഓവന്‍ ചൂടാക്കിയ ശേഷം പ്ലാസ്റ്ററിങ് പദാര്‍ഥം നിറച്ചു. പിന്നീട് തലയില്‍ പ്ലാസ്റ്റിക് കവറും വായില്‍ ശ്വസിക്കാനുള്ള എയര്‍ ട്യൂബും വച്ച യുവാവ് മൈക്രോ വേവിനുള്ളില്‍ മുഖം അമര്‍ത്തി. പ്രതീക്ഷിച്ചതിന് മുന്‍പേ പ്ലാസ്റ്ററിങ് പദാര്‍ഥം കട്ടിയായായതിനാല്‍ തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങുകയായിരുന്നു.

Read more

മൈക്രോ വേവ് ഓവന്‍ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രിഹീറ്റ് ചെയ്തിരുന്നതിനാലാണ് പ്ലാസ്റ്റിക് പദാര്‍ഥം കട്ടയായത്. യുവാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ഒന്നരമണിക്കൂറോളം ശ്രമിച്ചിരുന്നെങ്കിലും സാധിക്കാത്തനിനാല്‍ വിദഗ്ധരുടെ സഹായം തേടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.