ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം

തലസ്ഥാനനഗരം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ഏത് വിധേനയും ഡല്‍ഹി തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ ഹാട്രിക് വിജയത്തിന് ശേഷം ആംആദ്മി പാര്‍ട്ടിയ്ക്ക് മുന്നില്‍ അടിയറവ് വെയ്‌ക്കേണ്ടി വന്ന ഡല്‍ഹി ആപ്പില്‍ നിന്ന് തിരിച്ചു പിടിക്കാനും ബിജെപിയ്ക്ക് അവസരം നല്‍കാതിരിക്കാനുമുള്ള കഠിന പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ വിജയിച്ച സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് ഡല്‍ഹിയിലും കോണ്‍ഗ്രസ് പയറ്റുന്നത്. പ്യാരി ദീദി യോജന എന്ന പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ വന്‍വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അര്‍ഹരായ എല്ലാ സ്ത്രീകള്‍ക്കും മാസം 2,500 രൂപ നല്‍കുമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചാണക്യനുമായ ഡികെ ശിവകുമാര്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.

‘പ്യാരി ദീദി യോജന’ എന്ന പേരില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും കര്‍ണാടകയില്‍ അധികാരത്തിലെത്തിയ ഉടനാണ് കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കിയതെന്നും ഡികെ ഓര്‍മ്മിപ്പിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്ന ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് നേതാവ് തങ്ങള്‍ കര്‍ണാടകയില്‍ 2000 വീതം സ്ത്രീകള്‍ക്ക് നല്‍കി തുടങ്ങിയെന്നും ചൂണ്ടിക്കാണിച്ചു. തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്കായിള്ള ധനസഹായ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഡല്‍ഹിയിലും സ്ത്രീകള്‍ക്കായി ക്ഷേമപദ്ധതി വാഗ്ദാനവുമായി കോണ്‍ഗ്രസ് എത്തുന്നത്.

ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി നേരത്തെ സ്ത്രീകള്‍ക്ക് 2100 രൂപ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. നാലാം തവണയും അധികാരത്തുടര്‍ച്ച തേടിയാണ് ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. 2013ലാണ് 98 മുതലുണ്ടായിരുന്ന ഷീല ദീക്ഷിത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആപ് വീഴ്ത്തി ഡല്‍ഹി പിടിച്ചത്. ഹാട്രിക് ഭരണനേട്ടവുമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ എതിരില്ലാതെ വാഴുന്ന കാലത്താണ് ചൂലുമായി തൂക്കാനിറങ്ങിയ പുത്തന്‍ പാര്‍ട്ടി ഡല്‍ഹിയില്‍ ഗംഭീര വിജയം ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ നേടിയത്.

കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദ്ര യാദവുമായി ചേര്‍ന്നാണ് പ്യാരി ദീദി യോജന പദ്ധതി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 70 അംഗ നിയമസഭയിലേക്കുള്ള 48 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഉടനെ ബാക്കി സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം നല്‍കിയ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് നടപ്പാക്കിയിട്ടുണ്ടെന്നും ബിജെപി പരിഹാസങ്ങളെ വകവെയ്ക്കാതെയാണ് കര്‍ണാടകയിലടക്കം ഇവയെല്ലാം നടപ്പിലാക്കിയതെന്നും ഡികെ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ കര്‍ണാടക പാപ്പരാവുമെന്ന് പറഞ്ഞ ബിജെപി പക്ഷേ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഹരിയാണയിലും തങ്ങളുടെ പദ്ധതികളുടെ രീതികള്‍ കോപ്പിയടിച്ചാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയ വിജയം സ്ത്രീകളെ മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതികളുടെ സ്വാധീനവുമാണ്. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന്റെ വിജയവും സ്ത്രീ വോട്ടുകളുടെ ഏകീകരണത്തിലാണെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രഖ്യാപനം.

Read more