പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ജന്‍ ചൗധരി പ്രസിഡന്റ് രാം നാഥ് കോവിന്ദിന് കത്തയച്ചു.
തുടര്‍ച്ചയായി അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും, കഴിഞ്ഞ ദിവസം ബിര്‍ഭും ജില്ലയില്‍ എട്ട് പേരെ തീയിട്ട് കൊലപ്പെടുത്തിയ സംഭവവും നടന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
കഴിഞ്ഞ മാസം മാത്രം പശ്ചിമ ബംഗാളില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നത് വളരെ ഖേദകരമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ഹള്‍ നിരവധി പേരുടെ ജീവനെടുത്തു. സംസ്ഥാനം മുഴുവന്‍ ഭയത്തിന്റെയും അക്രമത്തിന്റെയും പിടിയിലാണ്.’ ചൗധരി കത്തില്‍ വ്യക്തമാക്കി.
‘പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഉറപ്പാക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
ബിര്‍ഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്് ഭാധു ഷെയ്ഖ് പെട്രോള്‍ ബോംബേറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗാളില്‍ കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. രാംപുര്‍ഘട്ടില്‍ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
12 വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22 പേരെ പൊലീസ് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.