അഭിമാനമായി രാജ്യതലസ്ഥാനം; ട്രാന്‍സ്ജന്‍ഡേഴ്‌സിന് സ്വാഗതമോതി 28 സ്‌കൂളുകള്‍

ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെഉന്നമനത്തിനായി പുതിയൊരു മുന്നേറ്റത്തിന് ചുവടുവെച്ച് രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ 28 സ്‌കൂളുകള്‍ ഇനിമുതല്‍ ട്രാന്‍സ്ജന്‍ഡേഴ്‌സ്
സൗഹൃദമായിരിക്കും. മാസങ്ങള്‍ നീണ്ട പരിശീലന-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് പുതിയൊരു മാറ്റത്തിന് കളമൊരുങ്ങിയത്. അതിന് മുന്‍കയ്യെടുത്തതാകട്ടെ സൊസൈറ്റി ഫോര്‍ പീപ്പിള്‍സ് അവെയര്‍നെസ് കെയര്‍ ആന്‍ഡ് എംപവര്‍മെന്റ് (SPACE) എന്ന എന്‍ജിഒയും.

ട്രാന്‍സ്ജന്‍ഡേഴ്‌സ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളേയും അവകാശങ്ങളേയും സംബന്ധിച്ച് എട്ട് മാസം നീണ്ട തുടര്‍ച്ചയായ പരിശീലന പരിപാടികളാണ് സ്‌പേസും ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പും നെതര്‍ലാന്‍ഡ് എംബസിയുടെ സഹായത്തോടെ സംഘടിപ്പിച്ചത്.

2018- ല്‍ സ്‌കൂള്‍ മേധാവികളേയും പ്രിന്‍സിപ്പല്‍മാരേയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അദ്ധ്യാപകരേയും പ്ലസ്ടു തലത്തിലുള്ള വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് ഓരോ സ്‌കൂളുകളിലും പ്രത്യേകം വര്‍ക് ഷോപ്പുകള്‍ നടത്തി. സംഘടനയിലെ ട്രാന്‍സ് ജെന്‍ഡര്‍ അംഗങ്ങള്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചു. എങ്ങനെയാണ് സ്കൂളുകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ ഇടങ്ങളായി മാറുന്നതെന്ന് വിശദീകരിച്ചു.

വലിയ മാറ്റങ്ങളാണ് ഈ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാക്കിയത്. ഭിന്നലിംഗക്കാര്‍ക്കായി സ്‌കൂളുകളില്‍ ഒരു ശുചിമുറിയെങ്കിലും ഉണ്ടാകണമെന്ന് അധികൃതര്‍ തീരുമാനമെടുത്തു. ഭിന്നലിംഗ സൗഹൃദമാണ് തങ്ങളെന്ന് ഒരോ സ്‌കൂളുകളും തങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ എഴുതി. ഭിന്നലിംഗക്കാര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു.

Read more

വലിയൊരു സാമൂഹിക മാറ്റത്തിനുള്ള സന്ദേശമാണ് ഡല്‍ഹി നല്‍കുന്നത്. പ്രത്യേകിച്ച് ഭിന്നലിംഗക്കാര്‍ക്കെതിരായ വിവേചനങ്ങളും അക്രമങ്ങളും കൂടിവരുന്ന ഇക്കാലത്ത് രാജ്യത്തിന് അഭിമാനമാണ് ഈ സ്‌കൂളുകള്‍.