യമുന എക്‌സ്പ്രസ് ഹൈവേയില്‍ ബസ് അപകടം; 29 മരണം

ലക്‌നോ-ആഗ്ര എക്‌സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തില്‍ 29 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലക്‌നോവില്‍ നിന്നും ഡല്‍ഹിക്കു പോകുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസ് കനാലിലേക്ക് മറിയുകയായിരുന്നു. അമ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതിവേഗപാതയില്‍ നിന്ന് നാല്‍പത് അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് കനാലില്‍ പതിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരില്‍ ഏറെയും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

Read more

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി ഗതാഗത കോര്‍പ്പറേഷന്‍ അഞ്ചുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ യമുന അതിവേഗപാതയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 130 ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.