മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്. പൊലീസില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ പത്തിനാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 30 കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക വിവരം.
ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവര്‍ച്ചക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും തോക്കിന്‍മുനയില്‍ ബന്ധിയാക്കി നിര്‍ത്തി സ്വര്‍ണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്വേഡും സ്വന്തമാക്കി സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു. മോഷണ സമയത്ത് ചില കവര്‍ച്ചക്കാര്‍ പുറത്ത് കാവല്‍ നിന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മണപ്പുറം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഒഡീഷ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടക്കളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ഹിമാന്‍ഷു ലാല്‍, പോലീസ് സൂപ്രണ്ട് (എസ്പി) മുകേഷ് ഭാമൂ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. ഇവരെ ഇന്നും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
കവര്‍ച്ച സംഘത്തില്‍ 7 മുതല്‍ 10 വരെ അക്രമികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) തോഫന്‍ ബാഗ് വ്യക്തമാക്കി. അക്രമികള്‍ ഹെല്‍മെറ്റോ മുഖംമൂടിയോ ധരിച്ചിരുന്നു. കൊള്ള നടത്തിയ ശേഷം ഇവര്‍ ബൈക്കുകളിലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.