ബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 സ്ത്രീകളടക്കം 36 പേര്‍ മരിച്ചു, തിരച്ചില്‍ തുടരുന്നു

ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് ഗോഗ്ര കനാലിലേക്ക് മറിയുകയായിരുന്നു.

സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ശിഖര്‍പൂരില്‍ നിന്ന് മാല്‍ഡയിലേക്ക് പോവുകയായിരുന്നു ബസ്. എന്നാല്‍ ബസ് അപകടത്തില്‍ പെടാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് രാവിലെ നല്ല മഞ്ഞുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 60ലധികം പേര്‍ ബസ്സിലുണ്ടായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതുവരെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞു. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം പൊലീസ് വാഹനം അഗ്നിക്കിരയാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയായാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ലാത്തി വീശിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Read more

രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സ്തലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.