മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ എംഎല്‍എമാരുടെ വിമത നീക്കത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെയും ഇന്റലിജന്‍സ് വകുപ്പിനെയും വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍.
വിമത എംഎല്‍എമാര്‍ മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് പോയത് എന്ത് കൊണ്ട് ആഭ്യന്തര വകുപ്പിന് നേരത്തെ അറിയാന്‍ കഴിഞ്ഞില്ലെന്ന് ശരദ് പവാര്‍ ചോദിച്ചെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തോട് പവാര്‍ അതൃപ്തി വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
സഖ്യസര്‍ക്കാരില്‍ എന്‍സിപിയില്‍ നിന്നുള്ള വല്‍സെ പാട്ടീലാണ് ആഭ്യന്തര മന്ത്രി. ലോക്നാഥ് ഷിന്‍ഡെക്കൊപ്പം ഗുജറാത്തിലേക്ക് പോയ വിമത എംഎല്‍എമാരില്‍ ഒരാളായ ശംഭുരാജ് ദേശായി ആഭ്യന്തര സഹ മന്ത്രിയുമാണ്.
മൂന്ന് സഹമന്ത്രിമാരുള്‍പ്പെടെ എംഎല്‍എമാരുടെ വലിയ സംഘമാണ് സംസ്ഥാനത്ത് നിന്നും പോയത്. എന്നിട്ടും എന്തുകൊണ്ട് ഈ വിവരം ആഭ്യന്തര മന്ത്രാലയത്തിന് അറിയാന്‍ കഴിഞ്ഞില്ലെന്നാണ് പവാര്‍ ചോദിച്ചത്.സാധാരണയായി ഒരു നിയമസഭാംഗം മറ്റൊരു സംസ്ഥാനത്തേക്ക് പോവുമ്പോള്‍ ഒപ്പം പോവുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് (എസ്പിയു) ഈ വിവരം ഉന്നത ഓഫീസര്‍മാരെ അറിയിക്കും. എന്നാല്‍ 40 ഓളം എംഎല്‍എമാരും മന്ത്രിമാരും സംസ്ഥാനം വിട്ടിട്ടും ഇതുണ്ടായില്ലെന്ന് ശരദ് പവാര്‍ ആഭ്യന്തര മന്ത്രിയോട് പറഞ്ഞു.